തിരുവനന്തപുരം: മതേതര- ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബാബരി മസ്ജിദ് ഹിന്ദുത്വ വർഗീയ വാദികളാൽ തകർക്കപ്പെട്ടു. അവിടെ കേന്ദ്രമാക്കി പിന്നെയും വർഗീയ, രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ ഭരണ നേതൃത്വത്തിന്റെ കാർമികത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതായും പിണറായി ആരോപിച്ചു. ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി സമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാൻ മാത്രം വഴി വെയ്ക്കുന്നതാണ്. ഭേദഗതി സംസ്ഥാനത്തു നടപ്പിലാക്കില്ലെന്നു ആദ്യം പ്രഖ്യാപിച്ച സർക്കാരാണ് എൽഡിഎഫ് സർക്കാർ. ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണ്. ഇത്തരത്തിലുള്ള വിപത്തുക്കളുടെ കേളികൊട്ട് തുടർച്ചയായി ഉയരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരവും പൗരോഹിത്വവും കൂട്ടു ചേർന്നാൽ ഉണ്ടാകുന്ന ദുരന്ത ഫലങ്ങൾ എന്തൊക്കെയാണു എന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്. ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.