Kerala
തിരുവാതിരക്ക് പിന്നാലെ! പുകഴ്ത്ത് പാട്ടിൻ്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ ഗ്രാൻഡ് എൻട്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന പാട്ട് പാടി സെക്രട്ടറിയേറ്റ് ജീവനക്കാർ. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പുകഴ്ത്തുപാട്ട് പാടിയത്. മുഖ്യമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഗാനം ജീവനക്കാർ ആലപിച്ചത്.
തന്നെ പ്രകീർത്തിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പാട്ട് കേട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആരാണ് പാട്ട് എഴുതിയതെന്ന് അറിയില്ല. താൻ ഇതുവരെ ആ പാട്ട് കേട്ടിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്.
ഇങ്ങനെയൊരു പാട്ട് വരുമ്പോൾ തന്നെ സകല കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടല്ലോ, ആളുകൾക്ക് വല്ലാത്ത വിഷമമുണ്ടാകും സ്വാഭാവികമല്ലേ എന്നും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളാരും വ്യക്തി പൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തി പൂജയുടെ ഭാഗമായി ഏതെങ്കിലും കാര്യങ്ങൾ ആർക്കും നേടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു