Kerala

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ; വയനാട്ടിലേത് സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം: വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 47 വ്യക്തികളെ കാണാതാകുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി. ദുരന്തത്തില്‍ ചുരുങ്ങിയത് 1200 കോടിയുടെയെങ്കിലും നഷ്ടമാണ് വയനാട്ടിലുണ്ടായത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടക്കം കനത്ത നാശമുണ്ടായി. വിലങ്ങാട് ചുരുങ്ങിയത് 217 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. മേപ്പാടിയിലെ ദുരന്തബാധിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്.

ആഗോള താപനത്തിന്റേയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി അടിക്കടി പ്രകൃതി ദുരന്തമുണ്ടാകുന്ന നാടായി കേരളം മാറുന്നു. ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ ഇടയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും, അവയുടെ ആഘാതം ലഘൂകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രവചനം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ റഡാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടലുകള്‍ ശാസ്ത്രിയ വിശകലനം ചെയ്തു വരികയാണ്. ഇതിന് ശാസ്ത്രലോകത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version