തൃശ്ശൂര്‍: വേദിയിലെ അനൗണ്‍സ്‌മെന്റില്‍ ഇടപെട്ട് തിരുത്തിയ മുഖ്യമന്ത്രിക്ക് വന്‍ കൈയ്യടി. ഭൂരഹിതര്‍ക്ക് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭൂമി നല്‍കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മാറ്റാം പുറത്ത് നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെയാണ് അനൗണ്‍സറായി നിയോഗിച്ചത്.
എട്ടുവര്‍ഷമായി താനാണ് സ്ഥിരം അനൗണ്‍സറെന്നും ആ ഭാഗ്യം ഈ ചടങ്ങിലും കിട്ടിയെന്നും പറഞ്ഞായിരുന്നു അനൗണ്‍സ്‌മെന്റ് തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്നു ചടങ്ങ് ഉദ്ഘാടകന്‍. മുഖ്യമന്ത്രിയെത്തി ഉദ്ഘാടനഫലകം അനാച്ഛാദനം ചെയ്യവെ, എല്ലാവരും ശക്തിയായി കൈയ്യടിക്കണമെന്ന് അനൗണ്‍സര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ആരെയും നമ്മള്‍ നിര്‍ബന്ധിച്ച് കൈയ്യടിപ്പിക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. ഇത് നമ്മള്‍ അവര്‍ക്ക് കൊടുക്കുന്ന സമ്മാനമല്ലേ, അതില്‍ സന്തോഷിച്ച് അവര്‍ സ്വയം കൈയ്യടിക്കട്ടേയെന്നും മുഖ്യമന്ത്രി അനൗണ്‍സറോടായി പറഞ്ഞു. അതോടെ വേദിയില്‍ വന്‍ കൈയ്യടിയാണ് ഉയര്‍ന്നത്.
സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ലൈഫ് മിഷന്റെ ഭാഗമായാണ് തൃശ്ശൂര്‍ മാറ്റാം പുറത്തുള്ള കോര്‍പ്പറേഷന്‍ ഭൂമിയില്‍ നിന്ന് 3 സെന്റ് വീതം ഭൂമി ഭൂരഹിതര്‍ക്ക് വിട്ടുനല്‍കുന്നത്. 231 ഭൂരഹിതര്‍ക്കാണ് ഇത്തരത്തില്‍ ഭൂമി കൈമാറുക. 2024 നവംബര്‍ 1 ഓടെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017 ല്‍ പ്രസിദ്ധീകരിച്ച ഭൂരഹിത, ഭവന രഹിത പട്ടികയിലെ 600 ഗുണഭോക്താക്കളില്‍ നിന്നും പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കള്‍ക്കാണ് 3 സെന്റ് ഭൂമി വീതം നല്‍കുന്നത്.