കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ തന്നെ നാലാം വാർഷികം ആഘോഷത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ട് പോയെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തകാലത്ത് നാട് കാണിച്ച ഒരുമയും, സർക്കാരിന്റെ പ്രവർത്തനങ്ങളും ഉയർത്തികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തകർന്നടിഞ്ഞുകിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങൾ എൽഡിഎഫിനെ ഏൽപ്പിച്ചത്. ഈ നാടിനെ കാലോചിതമായി മാറ്റിത്തീർക്കണം, മറ്റ് പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഈ നാടിന് വേണം തുടങ്ങിയ വലിയ ദൗത്യമാണ് ജനങ്ങൾ ഏൽപ്പിച്ചത്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ, മാരകമായ പകർച്ചവ്യാധികൾ ഇവയെല്ലാം നാടിന് തകർച്ചയിലേക്ക് നയിക്കും വിധമായിരുന്നു. പക്ഷെ നമുക്ക് തകരാൻ പറ്റുമായിരുന്നില്ല. നമുക്ക് ഇവയെ അതിജീവിച്ചേ മതിയാകുമായിരുന്നുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

