മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരായ കേസുകളിൽ ഒന്ന് രാമക്ഷേത്രത്തിൽ കേറാൻ പോയപ്പോൾ ഉണ്ടായ കേസ് ആണോ എന്ന് കോൺഗ്രസ് പരിശോധിക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂഡ്യീഷറിയെ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
നമ്മുടെ ഭരണഘടന നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യ പരിരക്ഷ നൽകുന്നുണ്ട്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവർക്കും തുല്യതയും പരിരക്ഷയുമുണ്ട്. ബിജെപി, ആർഎസ്എസിൻ്റെ അജണ്ട അനുസരിച്ച് കാര്യങ്ങൾ നീക്കുന്നുവെന്നും രാഷ്ട്രം തന്നെ അപകടത്തിലേക്ക് നീങ്ങുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വയനാട് പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ നിലമ്പൂരിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.