ഇന്ത്യയില്‍ പെട്രോൾ-ഡീസൽ വില കുറയ്ക്കുമെന്ന് സൂചന. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പെട്രോള്‍-ഡീസല്‍ വില കുറയാന്‍ അരങ്ങൊരുങ്ങുന്നത്. നവംബറിന്റെ ആദ്യപകുതിയിലാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. അടുത്തമാസം പകുതിയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരും. അതിനുമുന്‍പ് വില കുറയ്ക്കാനാണ് സാധ്യത.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വന്‍മുന്നേറ്റമാണ് നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിക്ക് സാധ്യതകള്‍ ഏറെയാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
കഴിഞ്ഞ മാർച്ചിലാണ് പെട്രോൾ- ഡീസൽ വില കുറച്ചത്. ലിറ്ററിന് രണ്ടുരൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു വില കുറച്ചത്. മാർച്ചില്‍ രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 80.14 ഡോളർ ആയിരുന്നു. ഈ മാസം ക്രൂഡ് ഓയിൽ ബാരലിന് വില 67 ഡോളർ വരെയാണ്. ഇതും വില കുറയ്ക്കാന്‍ ഒരു അനുകൂല ഘടകമാണ്.
ഇന്ധന വിലയിൽ ലിറ്ററിന് ഒരു രൂപ കുറച്ചാല്‍ കേന്ദ്ര വരുമാനത്തില്‍ വരുമാനത്തിൽ 15,000 കോടി രൂപ മുതൽ 20,000 കോടി രൂപവരെ കുറഞ്ഞേക്കും. അതുകൊണ്ട് എത്ര രൂപയാണ് കുറയാന്‍ പോകുന്നത് എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.