പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ കാട്ടാനക്കുട്ടി കിണറ്റിൽ വീണു. ഒപ്പമുണ്ടായിരുന്ന വലിയ ആനകളെ തുരത്തിയ ശേഷം വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ കര കയറ്റി വിട്ടു.

കുട്ടിയാനക്കൊപ്പം ഉണ്ടായിരുന്ന പ്രകോപിതരായ കാട്ടാനകൾ നാട്ടുകാരുടെയും വനം വകുപ്പിന്റെയും വാഹനങ്ങളും തകർക്കാൻ ശ്രമിച്ചു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് മേയ്ക്കപ്പാലയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുട്ടിയാന വീണത്. ഒപ്പം ഉണ്ടായിരുന്ന വലിയ ആനകൾ കൂട്ടത്തോടെ ചിഹ്നം വിളിച്ചപ്പോഴാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.
ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചെങ്കിലും ആനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആ ഭാഗത്തേക്ക് എത്താൻ കഴിഞ്ഞില്ല. പ്രകോപിതരായ വലിയ ആനകൾ ഇതിനിടെ വൃക്ഷങ്ങൾ കുലുക്കുകയും വാഹനങ്ങൾക്കു നേരെ തിരിയുകയും ചെയ്തു. നാട്ടുകാരിൽ ഒരാളുടെ ബൈക്ക് തകർത്ത ആന വനം വകുപ്പിൻ്റെ വാഹനം മറിച്ചിടാനും ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ കര കയറ്റി വിട്ടത്.

