കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു. പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ജീവപര്യന്ത്യം വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ കോടതി പ്രഖ്യാപിച്ചത്.
ഒന്നാം പ്രതി എ.പീതാംബരൻ , സജി സി ജോർജ്, കെ എം സുരേഷ്, കെ.അനിൽകുമാർ, ഗിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇവർക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 4-ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവര്‍ക്ക് അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 14 പ്രതികളാണ് കുറ്റക്കാരായി ഉണ്ടായിരുന്നത്. 10 പ്രതികളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.