Kerala
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിപ്പ്, നടപടി സ്വീകരിച്ചത് 122 പേര്‍ക്കെതിരേ മാത്രം
തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ 1458 സര്‍ക്കാര്‍ ജീവനക്കാരിൽ വകുപ്പുതലത്തില്‍ ഇതുവരെ അച്ചടക്കനടപടി സ്വീകരിച്ചത് 122 ജീവനക്കാര്‍ക്കെതിരെ മാത്രം ആണ്.
അനധികൃതമായി കൈപ്പറ്റിയവരില്‍നിന്ന് തുക 18 ശതാനം പലിശസഹിതം തിരിച്ചുപിടിക്കണമെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നും ധനവകുപ്പ് നിര്‍ദേശം നല്‍കി ആഴ്ചകള്‍ പിന്നിട്ടെങ്കിലും വകുപ്പുകള്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കിലാണ്. റവന്യു, സര്‍വേ, മൃഗസംരക്ഷണം, മണ്ണ് പര്യവേഷണം, ക്ഷീരവികസനം എന്നീവകുപ്പുകളിലെ ജീവനക്കാരാണ് സസ്‌പെന്‍ഷനിലായത്.
373 ജീവനക്കാരില്‍നിന്നും പലിശസഹിതം തുക തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കിയിട്ടുണ്ടെങ്കിലും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. പ്രതിമാസം 1600 രൂപ അനര്‍ഹമായി കൈപ്പറ്റി സര്‍ക്കാരിന് 2.7 കോടിയുടെ നഷ്ടമുണ്ടായതായാണ് ധനവകുപ്പ് കണക്കാക്കിയിട്ടുള്ളത്