തൊടുപുഴ: ഇടുക്കിയില്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി ദമ്പതികള്‍. ദയാവധത്തിന് തയ്യാറെന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഇവരുടെ പ്രതിഷേധം. അംഗപരിമിതയായ ഓമനയും (63) ഭര്‍ത്താവ് ശിവദാസനുമാണ് (72) പ്രതിഷേധിച്ചത്.
അടിമാലി അമ്പലപ്പടിയിലെ പെട്ടിക്കടയ്ക്ക് മുന്നിലാണ് ദയാവധത്തിന് തയാര്‍ എന്ന ബോര്‍ഡ് ദമ്പതികള്‍ സ്ഥാപിച്ചത്. അമ്മിണി വികലാംഗയാണ്. ഒരാഴ്ചയില്‍ ചികിത്സയ്ക്കും മരുന്നിനും മറ്റുമായി 3000 രൂപയോളം വേണം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്ന് വാങ്ങാന്‍ സാധിക്കുന്നില്ല എന്നതാണ് അമ്മിണിയുടെ പരാതി.
കുളമാന്‍കുഴി ആദിവാസി കോളനിക്ക് സമീപം ഇവര്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ ഇവരുടെ കൃഷി പൂര്‍ണമായി നശിച്ചുപോയി. തുടര്‍ന്ന് അടിമാലി പഞ്ചായത്ത് ഇടപെട്ടാണ് ഉപജീവനത്തിനായി ഇവര്‍ക്ക് പെട്ടിക്കട തുറന്നുനല്‍കിയത്. നിലവില്‍ പെട്ടിക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ല. ഉപജീവനമാര്‍ഗം മുടങ്ങിയതോടെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. എത്രയും പെട്ടെന്ന് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കണം. അല്ലെങ്കില്‍ ജീവിക്കാന്‍ പോലും കഴിയില്ല എന്നാണ് ദമ്പതികള്‍ പറയുന്നത്.