Kerala

മലയോര മേഖലയിലെ കാട്ടാന ശല്യം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി

Posted on

കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ കാട്ടാന ശല്യം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി. വനം മന്ത്രിയോട് പരാതി പറഞ്ഞതെല്ലാം ചെന്നെത്തിയത് ബധിരകർണങ്ങളിലെന്ന് ബിഷപ്പ് വിമർശിച്ചു. കാട്ടാന ശല്യം രൂക്ഷമായ ഇരിട്ടിയിലെ പാലത്തുംകടവ് പ്രദേശം, ആർച്ച് ബിഷപ്പിന്‍റെ നേതൃത്വത്തിൽ സന്ദർശിച്ചു.

കണ്ണൂർ ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളാണ് ഇരിട്ടിക്ക് സമീപമുള്ള പാലത്തുംകടവും കച്ചേരിക്കടവും മുടിക്കയവും. രണ്ടാഴ്ച മുമ്പ് കച്ചേരിക്കടവിലിറങ്ങിയ കാട്ടാനക്കൂട്ടം ഇപ്പോഴും കാട് കയറിയിട്ടില്ല. നിരവധി കർഷകരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് തലശ്ശേരി ആർച്ച് ബിഷപ്പിന്‍റെ നേതൃത്വത്തിൽ മേഖലയിൽ സന്ദർശനം നടത്തിയത്. പകൽ സമയത്ത് പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന് നാട്ടുകാർ വിമർശിച്ചു.

ആറളം ഫാമിൽ നിന്ന് തുരത്തുന്ന കാട്ടാനകളും കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് എത്തുന്ന ആനകളുമാണ് നാട്ടുകാർക്ക് ആശങ്കയാകുന്നത്. അഞ്ച് വർഷം മുമ്പ് നടത്തിയ ഫെൻസിംഗ് തകർന്നു. നന്നാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ താൽക്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version