Kerala
പാനൂർ സ്ഫോടനം: 3 സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ പാനൂർ സ്ഫോടനത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബോംബ് നിർമിച്ച സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. കുന്നോത്തുപറമ്പിലെ സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളും കസ്റ്റഡിയിലുണ്ട്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് ഇയാൾ പിടിയിലായത്. നാല് പേരും ബോംബ് സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ്. രാത്രി സ്ഥലത്തുണ്ടായിരുന്നവരിൽ മരിച്ച ഷെറിൽ, ഗുരുതര പരിക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവരുൾപ്പെടെ എട്ട് പേരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും സിപിഎം അനുഭാവികളാണ്.
നിരവധി ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുളള ഇവരെ തെരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷിക്കുന്നതിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാവുകയാണ്. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമെന്ന് തെളിഞ്ഞിട്ടും എന്തിന് വേണ്ടി, ആർക്ക് വേണ്ടി എന്നതിൽ ഇനിയും ഉത്തരമില്ല. അന്വേഷണത്തിലെ പൊലീസിന്‍റെ മെല്ലെപ്പോക്കിലും വിമർശനമുയർന്നു.