Kerala

പഴയ ആളുകളെ മാത്രമേ ജനങ്ങള്‍ സ്വീകരിക്കൂ എന്നത് ശരിയല്ല, പുതിയ തലമുറ വരട്ടെ: പന്ന്യന്‍ രവീന്ദ്രന്‍

കൊച്ചി: പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നത് വ്യക്തിപരമായി തനിക്ക് യോജിപ്പുള്ള കാര്യമല്ലെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പാര്‍ട്ടിയോട് നമുക്ക് പറയാനുള്ളത് നേരിട്ട് പറയാനുള്ള ബന്ധം എനിക്കുണ്ട്. പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ചില കാര്യങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുമുണ്ട്. പ്രാപ്തരായ ഒരുപാട് ആളുകളുണ്ട്. മാത്രമല്ല പുതിയ തലമുറയ്ക്ക് ഈ സംവിധാനത്തില്‍ വരാനും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുകയും വേണം. പഴയ ആളുകളെയാണ് ജനങ്ങള്‍ സ്വീകരിക്കുക എന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല.അത് ശരിയല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വന്നിട്ട് 40 വര്‍ഷമായി. ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എനിക്ക് നന്നായി അറിയാം. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഒരു പാര്‍ലമെന്റ് മെമ്പര്‍ ആകണം എന്നില്ല. ഞാന്‍ സത്യതന്ധമായി തന്നെയാണ് പറയുന്നത്. ജനങ്ങളുടെ കൂടെ ഞാന്‍ ഉണ്ടല്ലോ. ഞാന്‍ ഒരു സ്ഥാനത്തുമില്ലെങ്കിലും അവര്‍ക്ക് എന്റെ അടുത്ത് വരാം. ഞാന്‍ തന്നെ ആയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്ന് ചിന്തിക്കുന്നില്ല.

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. സിപിഐയ്ക്ക് ക്ഷീണം വന്നിട്ടൊന്നുമില്ല. ഇത്തവണയും ഇടതുപക്ഷ ജനാധിപത്യമുന്നണി വെറും ജനാധിപത്യമുന്നിണിയല്ല, മതേതര മുന്നണിയാണ്. സിപിഐ തളര്‍ന്നു പോയി എന്ന് ധരിക്കണ്ട. ഈ തെരഞ്ഞെടുപ്പില്‍ 20 സീറ്റും ഇടതുപക്ഷ ജനാധിപത്യമുന്നണി നേടും. സിപിഎമ്മുമായി എന്തെങ്കിലും തരത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പറയേണ്ട കാര്യങ്ങള്‍ അകത്തു പറയും. തെരുവില്‍ അലക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top