Kerala

സൈബർ അതിക്രമത്തിന് ഇരയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കണമെന്ന് സിപിഎം നേതൃത്വത്തിലെ പ്രതിപക്ഷം

കഴിഞ്ഞ ഒരു മാസത്തോളമായി വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം നടക്കുകയാണ്. ഗ്രാമപഞ്ചായത്ത് യോഗത്തിൽ അംഗങ്ങള്‍ തമ്മില്‍ പലവട്ടം കയ്യാങ്കളിയും ഉണ്ടായി. പോർവിളി- കുത്തിയിരിപ്പ് അങ്ങനെ പലവിധ സമര രൂപങ്ങള്‍ അരങ്ങേറി. ലൈംഗിക അതിക്രമ കേസിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നിയമപരമായ ബാധ്യത പോലും കാറ്റില്‍ പറത്തിയാണ് പ്രതിഷേധം.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ലീഗിനാണ് പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് അംഗമാണ് വൈസ് പ്രസിഡന്റ്. സിപിഎം നേതൃത്വത്തിലുളള പ്രതിപക്ഷം, യുവതിയായ വൈസ് പ്രസിഡണ്ടിന്‍റെ രാജി ആവശ്യപ്പെടുന്നതിന്‍റെ കാരണമാണ് ഏറെ വിചിത്രം. വൈസ് പ്രസിഡന്‍റെ ദൃശ്യങ്ങൾ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി വൈസ് പ്രസിഡന്റ് രാജി വെയ്ക്കണമത്രെ.

അടത്തിടെയായിരുന്നു വൈസ് പ്രസിഡന്‍റിന്‍റെ വിവാഹം. സുഹൃത്തും മുസ്സിം ലീഗ് പ്രവര്‍ത്തകനുമായ യുവാവ്, വിവാഹ ദിവസത്തിൽ വൈസ് പ്രസിഡന്‍റിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ വിദശത്തേക്ക് കടക്കുകയും ചെയ്തു. വൈസ് പ്രസിഡന്‍റിന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഏതാനും പേരുടെ ഫോണുകള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തു. ഇത്തരത്തില്‍ അന്വേഷണം മുന്നോട്ട് പോകവെയാണ് കേസില്‍ ഇരയായ വൈസ് പ്രസിഡന്‍റിന്‍റെ രാജിക്കായുളള പ്രതിപക്ഷ പ്രതിഷേധം.

സിപിഎമ്മിന്‍റെ തുടര്‍ച്ചയായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ വൈസ് പ്രസിഡന്‍റ് രാജി വയ്ക്കുന്നതാണ് നല്ലതെന്ന നിലപാട് പഞ്ചായത്തിലെ മുസ്സിം ലീഗ് നേതൃത്വം, കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. പഞ്ചായത്തിന്‍റെ നിര്‍ണായക ശക്തിയായ ലീഗില്‍ നിന്നുളള നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് രാജി വയ്ക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റിന് നല്‍കിയത്.

അതേസമയം, തന്‍റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും ചിലര്‍ തന്നെ വേട്ടയാടുകയാണെന്നുമാണ് വൈസ് പ്രസിഡന്‍റിന്‍റെ നിലപാട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുമുണ്ട്.

സൈബറിടത്ത് ലൈംഗിക അതിക്രമ കേസിൽ ഇരയായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ രാജിക്കായി സിപിഎം നേതൃത്വത്തിൽ സമരം. നവ വധുകൂടിയായ വൈസ് പ്രസിഡന്‍റിന്‍റെ ദൃശ്യങ്ങൾ പുറത്തായെന്ന പറഞ്ഞാണ് പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടുന്നത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും രാജിവയ്ക്കാൻ വൈസ് പ്രസിഡന്‍റിനു മേല്‍ സമ്മര്‍ദ്ദമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top