ന്യൂഡൽഹി: പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്.
പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പാർലമെന്റിലെ ചർച്ചയിൽ വയനാട്ടിലെ വനാതിർത്തികളിൽ താമസിക്കുന്നവരുടെ ദുരിതം പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊണ്ണൂറോളം പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാൻ നടപടി വേണമെന്നും നഷ്ടപരിഹാരത്തുക കൂട്ടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.