Kerala
പാലയൂര്‍ ക്രിസ്ത്യന്‍പള്ളി നിന്നിടത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന പ്രസ്താവന; സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ്
തൃശൂര്‍: പാലയൂര്‍ ക്രിസ്ത്യന്‍പള്ളി നിന്നിടത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന സംഘപരിവാര്‍ നേതാവ് ആര്‍.വി. ബാബു നടത്തിയ പ്രസ്താവനയെ കുറിച്ച് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. യാതൊരു അടിസ്ഥാനവുമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേരളത്തില്‍ നിലനില്‍ക്കുന്ന മനുഷ്യരുടെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വമാണ് സംഘപരിവാര്‍ നേതാവിന്റെ ഈ അഭിപ്രായ പ്രകടനമെന്നും എൽഡിഎ് കുറ്റപ്പെടുത്തി.
തൃശൂരില്‍ സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തികാട്ടുന്ന സുരേഷ് ഗോപി കൃസ്ത്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വരികയാണ്. തൃശൂരില്‍ അദ്ദേഹം മാതാവിന് കിരീടം സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനകളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ആര്‍.വി. ബാബു തൃശൂരിലെ കൃസ്ത്യന്‍ പള്ളികളെ കുറിച്ചും നുണ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതേ കുറിച്ചും ജനങ്ങളോട് വിശദീകരിക്കാന്‍ സുരേഷ് ഗോപി തയ്യാറാവണം. തൃശൂരിന്റെ മാതൃകയായ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്‍.ഡി.എഫ് വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.