Kerala

കെ മുരളീധരന്‍ പാലക്കാട് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല; തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ്; വികെ ശ്രീകണ്ഠന്‍

Posted on

കോഴിക്കോട്: കെ മുരളീധരന്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റും എംപിയുമായ വികെ ശ്രീകണ്ഠന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും കരുത്തനും ഊര്‍ജസ്വലനുമായ സ്ഥാനാര്‍ഥിയാണ് കെ മുരളീധരനെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ശ്രീകണ്ഠന്റെ പ്രതികരണം.

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ മുരളീധരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അക്കാര്യവും മുരളീധരന്‍ തള്ളിയിരുന്നു.

ഇനി മത്സരിക്കാന്‍ ഇല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്നും കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. അതേസമയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ വീണ്ടും പഴയ തട്ടകമായ വട്ടിയൂര്‍ക്കാവിലേക്ക് തിരികെ മടങ്ങിയെത്താനും സാധ്യതയുണ്ട്. ഇതിനിടയില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പോയി തലവയ്‌ക്കേണ്ടതില്ലെന്നാണ് മുരളിയുടെ ചിന്ത. പക്ഷെ വയനാട്ടില്‍ പ്രിയങ്കഗാന്ധി മല്‍സരത്തിന് തയാറാകാതിരിക്കുകയും കെ മുരളീധരനായി സമ്മര്‍ദം ഉയരുകയും ചെയ്താല്‍ ഹൈക്കാന്‍ഡിന്റ നിര്‍ദേശം മുരളിക്ക് അനുസരിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version