പാലക്കാട്: ചുള്ളിമട ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുന്നതായും വനംവകുപ്പ് അറിയിച്ചു.

അതേസമയം ഇന്നലെ കാട്ടാന ആക്രമണത്തില്‍ മരിച്ച അലന്റെ പോസ്റ്റ്‌മോട്ടം ഇന്ന് നടക്കും. അലന്റെ അമ്മ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. മുണ്ടൂര്‍ പഞ്ചായത്ത് പരിധിയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുണ്ടൂര്‍ കയറാം കോട് മേഖലയില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടും, ജനങ്ങള്‍ക്ക് വിവരം അറിയിക്കുന്നതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചാണ് സിപിഐഎം പ്രതിഷേധം.
ഇന്ന് രാവിലെ 10 മണിക്ക് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒയുടെ ഓഫീസും ഉപരോധിക്കും.

