Kerala
പാലക്കാട് സി പി എം നിയോഗിക്കുന്ന സ്ഥാനാർഥി നികേഷോ?
തിരുവനന്തപുരം: എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു. ഇനി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിലിറങ്ങാനാണ് ഒരുങ്ങുന്നത്. നിലവിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർ ടി.വിയിലെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞു. സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. അദ്ദേഹത്തെ ഉടൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ആക്കുമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് സീറ്റിൽ ഇത്തവണ മത്സരിക്കുവാൻ സിപിഎം മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർഥി നികേഷ് കുമാർ ആണെന്നാണ് സൂചനകൾ.
28 വർഷത്തെ മാധ്യമപ്രവർത്തനത്തിന് ശേഷമുള്ള നിർണായക തീരുമാനമാണിതെന്നും ഇനി പൊതുരംഗത്ത് സജീവമായി തുടരുമെന്നും നികേഷ്‌കുമാർ പറഞ്ഞു. ഇത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഇനി സിപിഐഎം അഗമായി പൊതുരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ റിപ്പോർട്ടർ ടി.വി ചീഫ് എഡിറ്ററായ അദ്ദേഹം, 2016ൽ മാധ്യമപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മുസ്‌ലിം ലീഗിന്റെ കെ.എം ഷാജിയോട് പരാജയപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് തിരികെയെത്തുകയായിരുന്നു.
സിഎംപി നേതാവും മുൻ മന്ത്രിയുമായ എം.വി രാഘവന്റെ മകനായ നികേഷ് കുമാർ ഏഷ്യാനെറ്റിൽ റിപ്പോർട്ടറായാണ് മാധ്യമപ്രവർത്തന ലോകത്തേക്ക് എത്തുന്നത്. പിന്നീട്, ഇന്ത്യാവിഷൻ ചാനൽ ആരംഭിച്ചപ്പോൾ അതിന്റെ സിഇഒ ആയി. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതോടെ റിപ്പോർട്ടർ ചാനൽ ആരംഭിക്കുകയും ചീഫ് എഡിറ്ററായി സേവനം തുടരുകയും ചെയ്തു. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്.