പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ഗ്രൂപ്പിസം മാത്രമാണ് പാലക്കാട് കോൺഗ്രസിൽ നടക്കുന്നതെന്ന് കോട്ടായി മണ്ഡലം പ്രസിഡണ്ട് മോഹൻകുമാർ പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനം നടക്കുന്നില്ല. ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.

നട്ടെല്ലില്ലാത്ത നേതൃത്വം ആണ് പാലക്കാട്ടേത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ല. കോട്ടായി പഞ്ചായത്തിലെ 2 മെമ്പർമാർക്കെതിരെ നടപടി എടുക്കണം. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലും വിഷയം ചർച്ച ചെയ്തിട്ടും നടപടിയെടുത്തില്ല.
ഡിസിസി പ്രസിഡൻറ് എ തങ്കപ്പനും മുതിർന്ന നേതാക്കളും വിഷയത്തിൽ ഇടപെട്ടില്ല. നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടിലും ഗ്രൂപ്പുകളിയിലും മനംമടുത്ത് 14 പേർ രാജിവച്ചു. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, ദളിത് കോൺഗ്രസ് , സേവാദൾ ജില്ലാ ഭാരവാഹികളും തരൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളും രാജിവച്ചു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് രാജിക്കത്ത് നൽകി. ഇനിയും നിരവധി പ്രവർത്തകർ രാജിവെക്കുമെന്ന് മോഹൻകുമാർ പറഞ്ഞു.

