
കാവുംകണ്ടം: കാവുംകണ്ടം സെൻ്റ് മരിയ ഗൊരേത്തി പള്ളിയുടെ മുൻവശമുള്ള മാതാവിൻ്റെ ഗ്രോട്ടോയിലെ ചില്ലുകൾ തകർത്ത സംഭവത്തിലെ പ്രതികൾ നിരീക്ഷണത്തിലെന്ന് സൂചന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രോട്ടോയുടെ ചില്ലുകൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാൽ ഇതുവരെ പ്രതിയെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞില്ല.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഫിംഗർപ്രിൻ്റ് റിസൽട്ട് ലഭ്യമായില്ലെന്ന് പറയുന്നു. സമീപത്തെ സി.സി.ടി.വി. പരിശോധിച്ചെങ്കിലും പ്രതികളെ കുറിച്ച് വ്യക്തത ലഭിച്ചില്ല.
പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരത്തിന് തയ്യാറെടുക്കുകയാണ്.
ഞായറാഴ്ച ഫ്രാൻസീസ് ജോർജ് എം.പി.യും മാണി സി കാപ്പൻ എം.എൽ.എയും സ്ഥലം സന്ദർശിച്ചു. ഇരുവരും പള്ളിയിലെത്തി വികാരി ഫാ. ഫ്രാൻസീസ് ഇടത്ത നാലുമായി സംസാരിക്കുകയും അന്വേഷണങ്ങൾ വിലയിരുത്തുകയും ചെയ്തു. ഫ്രാൻസീസ് ജോർജ് എം.പി. കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ഫോണിൽ ബന്ധപ്പെട്ടു. മാണി സി .കാപ്പൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

