കൊച്ചി: പാകിസ്ഥാനില്‍ ജോലി ചെയ്തതിന്റെ പേരില്‍ ഒരാള്‍ ഇന്ത്യയുടെ ശത്രുവാകില്ലെന്ന് ഹൈക്കോടതി. 1953ല്‍ ജോലി തേടി കറാച്ചിയിലേക്കു പോയ പിതാവ് അവിടെ കുറച്ചു കാലം ഹോട്ടലില്‍ ഹെല്‍പ്പര്‍ ആയിരുന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പരപ്പനങ്ങാടി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
എഴുപത്തിനാലുകാരനായ പി ഉമ്മര്‍ കോയയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു.
പിതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം ഉമ്മര്‍ കോയ വിലകൊടുത്തു വാങ്ങുകയായിരുന്നു. എന്നാല്‍ ഈ സ്ഥലം എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം നടപടി നേരിടുന്നതാണെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസര്‍ കരം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഹര്‍ജിക്കാരന്റെ പിതാവ് പാകിസ്ഥാന്‍ പൗരനാണെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു നടപടി.
എന്നാല്‍ പിതാവ് ഇന്ത്യന്‍ പൗരന്‍ ആണെന്നതിനു രേഖകള്‍ ഉണ്ടെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും, രേഖകള്‍ അടിസ്ഥാനമാക്കി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കരം സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടത്.