Uncategorized
പാകിസ്താനിൽ നിന്നും പണം പറ്റി മതം മാറ്റി; ഇസ്ലാം പ്രഭാഷകൻ ഉൾപ്പെടെ 12 പേർക്ക് ജീവപര്യന്തം
അനധികൃത മതപരിവർത്തന കേസിൽ പന്ത്രണ്ട് പേർക്ക് ജീവപര്യന്തം. ഇസ്ലാം മത പ്രഭാഷകൻ മൗലാന കലിം സിദ്ദിഖി, ഇസ്‌ലാമിക് ദഅ്വ സെൻ്റർ സ്ഥാപകൻ മുഹമ്മദ് ഉമർ ഗൗതം എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് ലക്നൗ പ്രത്യേക എൻഐഎ കോടതി ശിക്ഷ വിധിച്ചത്. ഇർഫാൻ ഷെയ്ഖ്, സലാവുദ്ദീൻ സൈനുദ്ദീൻ ഷെയ്ഖ്, പ്രസാദ് രാമേശ്വർ കൻവെയർ എന്ന ആദം, അർസലൻ മുസ്തഫ എന്ന ഭൂപ്രിയ ബന്ദൻ, കൗഷർ ആലം, ഫറാസ് ഷാ, മൗലാന കലിം സിദ്ദിഖി, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, സർഫാ റാവു ജഗ്താപ് എന്നിവരാണ് ജീവപര്യന്തം ലഭിച്ച മറ്റുള്ളവർ.
ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമം അനുസരിച്ച് 2021 ലാണ് കേസ് റജിസ്റ്റർ ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരേയും ദരിദ്രരെയും കേൾവി വൈകല്യമുള്ള വിദ്യാർത്ഥികളെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തെന്നുമായിരുന്നു കേസ്. ഇസ്ലാമിക് ദഅ്വ സെൻ്റർ എന്ന സ്ഥാപനം വഴി കുറഞ്ഞത് ആയിരത്തോളം ആളുകളെയാണ് ഇവർ മതം മാറ്റിയത്. മുഹമ്മദ് സലിം, രാഹുൽ ഭോല, മന്നു യാദവ്, കുനാൽ അശോക് ചൗധരി എന്നീ നാലു പ്രതികൾക്ക് പത്ത് വർഷം ശിക്ഷയും കോടതി വിധിച്ചു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസിൽ (ഐഎസ്ഐ) നിന്ന് ഇവർക്ക് ധനസഹായം ലഭിച്ചിരുന്നു. വിവാഹം, പണം, ജോലി എന്നിവ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് പ്രതികൾ ആളുകളെ മതം മാറ്റത്തിന് വിധേയമാക്കിതെന്ന അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ കോടതി ശരിവയ്ക്കുകയായിരുന്നു.
യുകെയിലെയും ഗൾഫ് രാജ്യങ്ങളിലെയും ട്രസ്റ്റുകളിൽ നിന്ന് 57 കോടിയിലധികം രൂപ കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു. അനധികൃത മതപരിവർത്തനം, വിദേശ ധനസഹായം തുടങ്ങിയ കേസുകളാണ് പ്രതികൾക്കെതിരെ 2021ൽ ഉത്തർപ്രദേശ് എടിഎസ് ചുമത്തിയിരുന്നത്. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.