Kerala

പത്മജക്ക് ഗവര്‍ണര്‍ സ്ഥാനമില്ല; മലയാളി കൈലാസനാഥന്‍ ഉള്‍പ്പെടെ 10 പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

Posted on

ഗവര്‍ണര്‍സ്ഥാനം പ്രതീക്ഷിച്ചിരുന്ന പത്മജ വേണുഗോപാലിന് കനത്ത തിരിച്ചടി. പത്ത് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചതില്‍ പത്മജയുടെ പേരില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന പത്മജക്ക് കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനം നല്‍കിയേക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞുകേട്ടിരുന്നു. തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ പത്മജ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സഹോദരന്‍ കെ. മുരളീധരന്റെ തോല്‍വിക്കു പോലും പത്മജയുടെ പ്രചരണവും സാന്നിധ്യവും ഇടയാക്കിയെന്നാണ് വിലയിരുത്തപ്പെട്ടത്. സെപ്റ്റംബറില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെ മൂന്ന് ഗവര്‍ണറന്മാരുടെ കാലാവധി അവസാനിക്കും. അപ്പോൾ പത്മജയെ പരിഗണിക്കാനിടയുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് സ്ഥാനമാനങ്ങളും അധികാരവും പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വരുന്നവരെ മാനദണ്ഡങ്ങളില്ലാതെ പാര്‍ട്ടിയില്‍ ചേര്‍ത്തത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ആര്‍എസ്എസും ബിജെപി ഉന്നത നേതൃത്വവും വിലയിരുത്തിയിരുന്നു.

ആരിഫ് ഖാന് വീണ്ടും കാലാവധി നീട്ടികൊടുക്കുന്നില്ലെങ്കില്‍ പത്മജയെ കേരള ഗവര്‍ണറാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. സാധാരണയായി ഗവര്‍ണർമാരെ അവരുടെ സ്വന്തം സംസ്ഥാനത്ത് നിയമിക്കുന്ന പതിവില്ല. എന്നാല്‍ അങ്ങനെ നിയമിക്കുന്നതിന് ഭരണഘടനാ വിലക്കുമില്ല. പത്മജക്ക് അര്‍ഹമായ പദവി നല്‍കണമെന്ന അഭിപ്രായക്കാരനാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സ്വാധീനത്തിലും പ്രേരണയിലുമാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്.ഛത്തിസ്ഗഡ്, ഗോവ എന്നി സംസ്ഥാനങ്ങളില്‍ പത്മജ ഗവര്‍ണര്‍ ആകുമെന്ന പ്രചരണമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.

പത്മജയ്ക്ക് കേരള ഗവര്‍ണര്‍ സ്ഥാനം നല്‍കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സുരേഷ് ഗോപി കരുതുന്നത്. നിയമസഭയില്‍ പൂട്ടിയ അക്കൗണ്ട് വീണ്ടും തുറക്കാനും ഇതിലൂടെ സാധിക്കുമെന്ന് സുരേഷ് ഗോപി കണക്ക് കൂട്ടുന്നു. തൃശൂരില്‍ ജയിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അവസാന വാക്കായി സുരേഷ് ഗോപി മാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന സംസ്ഥാന നേതാവാണ് അദ്ദേഹം ഇപ്പോൾ.

കേരളത്തില്‍ ബിജെപി വളരുന്നു എന്ന കണക്കുകളാണ് ലോക്സഭാ ഫലം നല്‍കുന്നത്. 11 നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാമതും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കൂടാതെ ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലെ ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂരിലെ പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്.

നരേന്ദ്ര മോദിയുടെ വിശ്വസ്തനും മലയാളി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.കൈലാസനാഥൻ ഉള്‍പ്പടെ 10 പേരെയാണ് പുതുതായി ഗവര്‍ണര്‍മാരായി രാഷ്ട്രപതി നിയമിച്ചത്. പുതുച്ചേരി ലഫ്. ഗവര്‍ണറായാണ് കൈലാസനാഥന് നിയമനം കിട്ടിയത്. കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹം, ഗുജറാത്തില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് വിരമിച്ചത്.

രാജസ്ഥാന്‍, തെലങ്കാന, സിക്കിം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version