കാസർകോട്: മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്കെത്തുന്നവർക്ക് അമിത പരിഗണന നൽകുന്നതിൽ മുതിർന്ന ബിജെപി നേതാക്കൾക്കിടയിൽ അമർഷം. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. എൻ.ഡി.എ. കാസർകോട് മണ്ഡലം പ്രചാരണ കൺവെൻഷൻ പദ്മജയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതാണ് സി കെ പദ്മനാഭനെ ചൊടിപ്പിച്ചത്. കൺവെൻഷൻ ഉദ്ഘാടനച്ചടങ്ങിൽ പദ്‌മജ വേണുഗോപാൽ നിലവിളക്ക് കൊളുത്തുമ്പോൾ വേദിയിൽ അകന്നിരുന്നാണ് സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
വേദിയിലുണ്ടായിരുന്ന സ്ഥാനാർഥി എം.എൽ.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം എം.നാരായണ ഭട്ട്, മേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ ഷെട്ടി, ദേശീയ കൗൺസിൽ അംഗങ്ങളായ പ്രമീളാ സി.നായിക്, എം.സഞ്ജീവ ഷെട്ടി, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉൾപ്പെടെയുള്ള നേതാക്കൾ വിളക്കിനരികിലേക്ക് എത്തിയെങ്കിലും പദ്മനാഭൻ വന്നില്ല.
ചടങ്ങിന്റെ ഉദ്ഘാടകനാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും സംഘടനയാകുമ്പോൾ ചില ചട്ടങ്ങളുണ്ടെന്നും അത് പാലിക്കാതിരിക്കുന്നത് ക്ഷീണമാകുമെന്നും പദ്മനാഭൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ വിഷമമോ പ്രശ്നമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പറഞ്ഞു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകൾ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയിൽ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ.