കൊച്ചി: ഉത്പന്നങ്ങളിൽ വായിക്കാൻ കഴിയാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നത് വിലക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉത്പന്നത്തിന്റെ ലേബലിലെ അക്ഷരങ്ങൾ വായിക്കാൻ കഴിയുന്ന തരത്തില്ലലെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് കമ്പനിക്ക് 60,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ വിധിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാല പിള്ളയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ വാങ്ങിയ ബേബി ലോഷൻ ബോട്ടിലിൽ ഉപയോഗക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ലീഗൽ മെട്രോളജി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണെന്ന് പരാതിയിൽ പറയുന്നു.
തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകാനും കമ്മിഷൻ നിർദേശിച്ചു. 2011- ലെ ചട്ടപ്രകാരമുള്ള വലുപ്പം ലേബലിലെ അക്ഷരങ്ങൾക്കുണ്ടെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ ആവശ്യപ്രകാരം ലേബലിന്റെ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ നിയോഗിച്ചു. ലേബലുകളിൽ അച്ചടിച്ച അക്ഷരങ്ങൾ ചട്ടവിരുദ്ധമാണെന്നും വായിക്കാൻ കഴിയുന്നതല്ലെന്നുമായിരുന്നു വിദഗ്ധ റിപ്പോർട്ട്.
ലീഗൽ മെട്രോളജിയിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിനു വിരുദ്ധമായിരുന്നു കോടതി നിയോഗിച്ച വിദഗ്‌ധന്റെ റിപ്പോർട്ടിൽ പറയുന്നത്. ഉപഭോക്താവിന് പരാതി നൽകാനുള്ള വിലാസം, ടെലിഫോൺ നമ്പർ, ഇ-മെയിൽ ഐ ഡി എന്നിവ ഉൾപ്പെടുന്ന കൺസ്യൂമർ കെയർ വിശദാംശങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇനിമുതൽ നിയമാനുസൃതമല്ലാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നതും കമ്മീഷൻ വിലക്കി. ലേബലിലെ അറിയിപ്പുകൾ ചട്ടപ്രകാരവും വ്യക്തവും നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ പ്രതിഫലിപ്പിക്കുന്നതുമാകണമെന്ന് കമ്മീഷൻ വിലയിരുത്തി.