Kerala

അന്‍വറിന്‍റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ല; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി

Posted on

കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതയിൽ കോഴിക്കോട് കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ നാളെ മറുപടി നൽകണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്.

പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ ഹർജി ഇന്നു പരിഗണിച്ചപ്പോഴാണ് പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. പഞ്ചായത്തിൽ നിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നായിരുന്നു പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്നും പരാതി ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version