Kerala

‘മരണം വരെ ചെങ്കൊടിത്തണലിൽ ഉണ്ടാകും’; വിവാ​ദങ്ങൾക്കിടെ പി വി അൻവർ

മലപ്പുറം: മരണം വരെ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്ന് നിലമ്പൂ‍ർ എംഎൽഎ പി വി അൻവർ. വിവാദങ്ങൾക്കിടെയാണ് പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐഎമ്മിന്റെ കൊടിക്ക് കീഴിൽ നിന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സിപിഐഎം ആണ് തന്നെ താനാക്കിയതെന്നും പി വി അൻവർ പറഞ്ഞു. എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടെയാണ് പാർട്ടി അംഗത്വമില്ലാത്ത താൻ സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഉണ്ടാകുമെന്ന് അൻവർ പറയുന്നത്.

പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സി.പി.ഐ.എം..♥️

പി.വി.അൻവർ എന്ന എന്നെ,

ഞാൻ ആക്കി മാറ്റിയ പ്രസ്ഥാനം..

പാർട്ടി അംഗത്വമില്ല.

പക്ഷേ,സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്‌. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും..

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി നേതാവ് സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് അജിത്കുമാറാണെന്നതാണ് പി വി അൻവർ ഉന്നയിച്ച മറ്റൊരു ആരോപണം. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നിലമ്പൂർ എംഎൽഎ ആരോപിച്ചു. ആ സമയത്ത് ‘അവരൊക്കെ കമ്മികൾ അല്ലെ’ എന്നായിരുന്നു അജിത്കുമാർ സുരേഷ്‌ഗോപിയോട് പറഞ്ഞതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നു. ക്രിമിനലുകൾ. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേൽപ്പിച്ചു. എന്നാൽ ഉത്തരവാദിത്തം നിറവേറ്ററുന്നതിൽ ഇരുവരും പരാജയപ്പെട്ടു. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെട്ടില്ല. നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top