തിരുവനന്തപുരം: എല്ലാ നിയമവശവും പരിശോധിച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് നിയമ മന്ത്രി പി രാജീവ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ. പൊലീസിന് രാഷ്ട്രീയലക്ഷ്യമില്ല. യുഡിഎഫിന്റെ കാലത്ത് എംഎൽഎയെ പോലും വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന് പ്രതിഷേധിക്കാൻ വിഷയങ്ങളില്ല. പൊലീസ് നിഷ്പക്ഷമാണെന്ന് പ്രതിപക്ഷനേതാവ് അടക്കം പറഞ്ഞതാണ്. ഇനിയും സമരത്തിലേക്ക് പോയാൽ അതിനനുസരിച്ച് നടപടിയെടുക്കും. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
നിയമവിരുദ്ധമായി സംഘം ചേർന്നു, കലാപാഹ്വാനം നടത്തി, പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു, നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി, ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി, സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് രാഹുലിനെതിരെ പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.