തിരുവനന്തപുരം: ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്ന് മന്ത്രി പി രാജീവ്. ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണ്. അതുകൊണ്ടുതന്നെ എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയിലാണ് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു.
അതേസമയം, അവഗണനയിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തി. ബജറ്റിലെ അവഗണനയിൽ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാൾ 40 ശതമാനം വെട്ടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ദില്ലി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. സിപിഐ മന്ത്രിമാരോട് പ്രത്യേകം വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.