അച്ചടക്ക നടപടിയെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവായ പി.കെ.ശശിക്ക് കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും നഷ്ടമാകുമോ?
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ശശിയെ മാറ്റണമെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തും ശശി തന്നെയാണ്. ഈ രണ്ട് സ്ഥാനങ്ങളില്‍ നിന്നും ശശിയെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തുനൽകി.
അച്ചടക്ക നടപടി വന്നതിനെ തുടര്‍ന്ന് ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്നുള്ള രാജി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയത്. രാജി വച്ചാല്‍ അത് വ്യക്തിപരമായ തീരുമാനമായിരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി നീക്കത്തില്‍ നിന്നും ശശി പിന്‍വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തന്നെ ശശിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ മുന്‍ എംഎൽഎയുമായിരുന്നു ശശി.
ഫണ്ട് ക്രമക്കേട് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ശശിക്ക് എതിരെ പാര്‍ട്ടി അച്ചടക്ക നടപടി വന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി എന്നാണ് അറിയിപ്പ് വന്നത്. എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. അതിനുശേഷമാണ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. നടപടി വന്നിട്ടും ഇപ്പോഴും ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തും സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തും തുടരുന്നതില്‍ ജില്ലാ നേതൃത്വത്തിനുള്ള അതൃപ്തിയാണ് ഇപ്പോള്‍ മറനീക്കിയത്.