Kerala
പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലം, പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് പി സി ജോർജ്
പത്തനംതിട്ട: പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ്. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോർജ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് പി സി ജോർജ് ബിജെപിയിൽ ചേർന്നത്. ജനപക്ഷം ബിജെപിയിൽ ലയിക്കും. ലയന സമ്മേളനം ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കും. മുഴുവൻ സംസ്ഥാന കമ്മറ്റിയംഗങ്ങൾക്കും ബിജെപി മെമ്പർഷിപ്പ് നൽകും. ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകരായി ഇതോടെ ജനപക്ഷ പ്രവർത്തകർ മാറും. ഒരാൾ പോലും ബിജെപിയിൽ ലയിക്കുന്നതിന് എതിര് പറഞ്ഞിട്ടില്ലെന്നും പി സി ജോർജ് പറഞ്ഞു.
2023 ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കര്‍, വി മുരളീധരന് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പി സി ജോർജ് ബിജെപിയില്‍ അംഗമായത്. ‘ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രയുമെ പറയാനാകു.’ എന്നായിരുന്നു പി സി ജോർജിന്റെ വാക്കുകൾ.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.