റാന്നി: ഓർത്തഡോക്സ് സഭയിലെ വൈദികൻ രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതിനെത്തതിരെ സഭയിൽ പ്രതിഷേധവുമായി ഒരു വിഭാഗം. പാർട്ടി അംഗമായ വൈദികൻ ഭദ്രാസനസെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നത്. നിലയ്ക്കല്‍ ഭദ്രാസനം അരമനയ്ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി.യില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്പതോളം വിശ്വാസികളുടെ പ്രതിഷേധം. ഭദ്രാസന കൗണ്‍സില്‍ യോഗം നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്താണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും കൗണ്‍സില്‍ യോഗം അരമനയില്‍ നടന്നില്ല. അരമന അടച്ചുപൂട്ടിയ നിലയിലായിരുന്നു. അതിന് മുമ്പിലാണ് പ്രതിഷേധിച്ചത്.
ശനിയാഴ്ച പത്തനംതിട്ടയില്‍ എന്‍.ഡി.എ. സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹ സംഗമത്തിലാണ് ഫാ.ഷൈജു കുര്യന്‍ കേന്ദ്രമന്ത്രി വി.മുരളീധരനില്‍നിന്നു ബി.ജെ.പി.അംഗത്വം സ്വീകരിച്ചത്. ഷൈജു കുര്യന്‍ ഭദ്രാസന സെക്രട്ടറി സ്ഥാനവും സണ്‍ഡേസ്‌കൂള്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ഭദ്രാസന കണ്‍വെന്‍ഷന്‍ ചുമതലകളില്‍നിന്നു ഒഴിയണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
വൈദികര്‍ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഭദ്രാസന സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു. ഫാ.ഷൈജു കുര്യനെതിരേ നിരവധി ആരോപണങ്ങള്‍ നേരത്തേതന്നെ സഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഷൈജു കുര്യന്‍ സ്ഥാനങ്ങള്‍ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും ഇവര്‍ പറഞ്ഞു.
പ്രതിഷേധയോഗത്തില്‍ മുന്‍ ഭദ്രാസനകമ്മിറ്റി അംഗങ്ങളായ വി.പി.മാത്യു, ജേക്കബ് മാത്യു, റോമിക്കുട്ടി മാത്യു, ഭദ്രാസനത്തിലെ ഇടവക അംഗങ്ങളായ ജയ്സണ്‍ പെരുനാട്, ഷിബു തോണിക്കടവില്‍ എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ മാനേജ്മെന്റ് കമ്മിറ്റിയംഗമായ ഫാ.ഏബ്രഹാം ശമുവേല്‍, അഡ്വ.അനില്‍ വര്‍ഗീസ്, മുന്‍ കമ്മിറ്റിയംഗം പി.എ.ഉമ്മന്‍ എന്നിവരും പ്രതിഷേധത്തിന് എത്തിയവരില്‍പ്പെടുന്നു.