തിരുവനന്തപുരം: വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇതിനിടെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങി. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരും. ജൂലൈ 30 ന് പുലർച്ചെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായത്.
ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥിതിഗതികളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ തീരുമാനമായത്.