അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലായിരിക്കും മലയാളി(Onam). ഓണത്തിൻ്റെ ആരവവും ആർപ്പു വിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഉത്രാട ദിനം. ഓണഘോഷത്തിൻ്റെ ഒൻപതാംനാൾ. ഒരു രാവിനപ്പുറം തിരുവോണത്തെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു.
തിരുവോണദിവസം തന്നെയാണ് ആഘോഷത്തിൻ്റെ തിമിർപ്പു മുഴുവൻ. എങ്കിലും ഉത്രാടത്തിൻ്റെ അതായത് ഒന്നാം ഓണത്തിൻ്റെ ആവേശം ഒന്നുവേറെ തന്നെയാണ്. ഓണവിഭവങ്ങൾ സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരിക്കും അന്ന് എല്ലാവരും. ഓണാഘോഷത്തിൻ്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാൻ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിൻ്റെ തലേന്ന് കുടുംബാംഗങ്ങൾ ചന്തയിലേക്ക് പോകും. ഇതിനെ പൊതുവേ ‘ഉത്രാടപ്പാച്ചിൽ’ എന്നാണ് വിളിക്കുന്നത്.
അതുപോലെ, ഓണനിലാവ് എന്നു പ്രസിദ്ധമായ, അങ്ങേയറ്റം ഹൃദയഹാരിയായ രാത്രി സൗകുമാര്യം അനുഭവവേദ്യമാകുന്നതും ഉത്രാട നാളിലാണ്. ഉത്രാട ദിനം ഇരുട്ടി വെളുക്കുന്നത് പൊന്നിൻ ചിങ്ങത്തിലെ തിരുവോണ നാളിലേക്കാണ്. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഈ ദിനം മലയാളി. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം.