ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ല. കാണാതായ മറ്റ് മൂന്ന് പേര് ശ്രീലങ്കക്കാരാണ്. കൊമോറസിന്റെ ഉടമസ്ഥതയിലുള്ള പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മറിഞ്ഞത്.
റാസ് മദ്രാക്കയ്ക്ക് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കപ്പൽ ദുബായിലെ ഹംരിയ തുറമുഖത്ത് നിന്ന് പുറപ്പെട്ട് യെമനി തുറമുഖ നഗരമായ ഏദനിലേക്ക് പോവുകയായിരുന്നു.
മുങ്ങിയ കപ്പലില്‍ നിന്നും എണ്ണയോ എണ്ണ ഉല്പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഒമാന്‍ ഇതുസംബന്ധിച്ച് എക്സിലൂടെ വിവരം പുറത്തുവിട്ടത്. ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2007-ൽ നിർമ്മിച്ച 117 മീറ്റർ നീളമുള്ള എണ്ണ ഉൽപന്ന ടാങ്കറാണ് പ്രസ്റ്റീജ് ഫാൽക്കൺ.