ന്യൂഡല്‍ഹി: ഒമാനില്‍ തൊഴിലുടമ ഭാര്യയെ തടവിലാക്കിയെന്ന് യുവാവിന്റെ പരാതി. ഛത്തീസ്ഗഡ് സ്വദേശിയായ ജോഗി മുകേഷാണ് ഭാര്യ ദീപികയെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊലീസില്‍ സഹായം തേടിയത്. തടവില്‍ നിന്ന് തന്നെ വിട്ടയക്കാന്‍ 2-3 ലക്ഷം നല്‍കണമെന്ന് തൊഴിലുടമ ആവശ്യപ്പെട്ടതായി ഭാര്യ പറയുന്ന വീഡിയോയും പരാതിയോടൊപ്പം യുവാവ് സമര്‍പ്പിച്ചതായി ദുര്‍ഗ് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് ത്ഡാ വ്യക്തമാക്കി.
തടവിലാണെന്ന് അറിയിച്ചുകൊണ്ട് ദീപിക ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘കള്ളം പറഞ്ഞ് ആരോ എന്നെ ഇവിടെ കുടുക്കുകയായിരുന്നു. ഞാന്‍ അവിടെ തടവിലാണ്. എന്നെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 2-3 ലക്ഷം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന് അവര്‍ പറയുന്നുണ്ട്. എന്നെ രക്ഷിക്കണം സര്‍, ഞാന്‍വില്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ എന്നെ വളരെയധികം പീഡിപ്പിക്കുന്നു’. ദീപിക പറഞ്ഞു.