പുതിയൊരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രസർക്കാർ. പഴയ വാഹനങ്ങൾ പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവർക്ക് വിലക്കിഴിവ് നൽകാൻ കാർ നിർമ്മാതാക്കളും വാണിജ്യ വാഹന നിർമ്മാതാക്കളും സമ്മതം അറിയിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ (സിയാം) സിഇഒമാരുടെ പ്രതിനിധി സംഘവുമായി കേന്ദ്രമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.
പഴയ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങുന്നവർക്ക് 1.5 ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വിലക്കിഴിവാണ് ലഭിക്കുക. കഴിഞ്ഞ ആറു മാസത്തിനിടെ പഴയ വാഹനം പൊളിച്ച് സ്ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് ഈ നേട്ടം ലഭിക്കുക. അതേസമയം, എക്സ്ചേഞ്ചിന് ഇളവ് ലഭിക്കില്ല. മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, കിയ, ടൊയോട്ട, നിസാൻ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കാർ നിർമ്മാതാക്കൾ 1.5 ശതമാനം അല്ലെങ്കിൽ 20,000 രൂപയോ ആയിരിക്കും കിഴിവായി നൽകുക.
ടാറ്റാ മോട്ടോഴ്സ്, വോള്‍വോ ഐഷര്‍, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോഴ്സ് മോട്ടോഴ്സ്, ഇസുസു, എസ്.എം.എല്‍. ഇസുസു എന്നീ കമ്പനികള്‍ 3.5 ടണ്ണിനു മുകളിലുള്ള വാഹനങ്ങൾക്ക് എക്സ്ഷോറൂം വിലയുടെ മൂന്നു ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 3.5 ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങൾക്ക് 1.5 ശതമാനം കിഴിവാണ് നൽകുക. ഹെവി, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്കും വിലക്കിഴിവ് ലഭിക്കും.