കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്. മക്കളായ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകും. ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ. മറിയാമ്മ ഉമ്മൻ കുറിച്ചു.
ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണ് നമ്മള്‍ ആഭിമുഖീകരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഇത്തവണയും വര്‍ഗ്ഗീയ -ഏകാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ – കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹ ഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്.
ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് കോണ്‍ഗ്രസ് കുടുംബങ്ങങ്ങളും ഏറ്റെടുക്കണം. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ നിലവില്‍ പ്രവര്‍ത്തന രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ എത്താന്‍ കഴിയാവുന്ന എല്ലാ ഭവനങ്ങളിലും ചാണ്ടി ഉമ്മന്‍ എത്തിച്ചേരും.