Kottayam

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ . അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ചു പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഒന്നര വർഷം മുമ്പ് റാന്നി -മണിമല റൂട്ടിൽ വച്ചാണ് യുവാവ് അപകടത്തിൽപെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ വന്ന കാറിൽ ഇടിച്ചു തെറിച്ചു വീണാണ് അപകടമുണ്ടായത്. ഇടതുകയ്യിലേക്കുള്ള ഞരമ്പുകൾ സുഷുന്മനാഡിയിൽ നിന്നു വേർപെട്ടതിനെ തുടർന്ന് ഇടതുകൈയ്യുടെ ചലനശേഷി പൂർണ്ണമായി നഷ്ടപ്പെട്ടു. ചലനശേഷി നഷ്ടപ്പെടുന്ന ഈ അവസ്ഥയെ പാൻ ബ്രേക്കിയൽ പ്ലക്സസ് ഇൻജുറി എന്നാണ് പറയപ്പെടുന്നത്. താടിയെല്ലിനു പരുക്കറ്റ് നാക്ക് മുറിഞ്ഞു പോകുകയും ചെയ്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ മാസങ്ങൾ ചികിത്സ തേടി. മറ്റ് പരുക്കുകൾ ഭേദമായെങ്കിലും ഇടതുകൈയ്യുടെ ചനലശേഷി ഇല്ലായ്മ തുടർന്നു. ഇതെ തുടർന്നു മാർ സ്ലീവാ മെഡിസിറ്റിയിൽ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു.

ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസും സീനിയർ കൺസൾട്ടന്റുമായ എയർ കോമഡോർ ഡോ.പോളിൻ ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷം അപൂർവ്വ ശസ്ത്രക്രിയ തീരുമാനിച്ചു.

സുഷുമ്ന നാഡിയിൽ നിന്നും ഇടതു വശത്തേക്കുള്ള ഞരമ്പുകൾ പൂർണമായി മുറിഞ്ഞു പോയതായി പരിശോധനയിൽ കണ്ടെത്തി. ഇടതു കൈ വീണ്ടും ചലിപ്പിക്കുന്നതിനായി വലതു കൈയ്യിലേക്കുള്ള ഞരമ്പിൽ നിന്നും ഇടതു വശത്തേക്ക് പുതിയ ഞരമ്പ് ഗ്രാഫ്റ്റ് ചെയ്തു വെയ്ക്കുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ഇതിനായി കാലിൽ നിന്നും 35 സെന്റിമീറ്റർ നീളത്തിൽ ഞരമ്പ് ഗ്രാഫ്റ്റ് എടുത്തു. തുടർന്നു കഴുത്തിന്റെ വലതു വശത്ത് നിന്ന് വേർപെടുത്തിയ ജീവനുള്ള ഞരമ്പിലേക്ക് ഫംഗ്ഷണൽ നെർവ് ട്രാൻസ്ഫർ എന്ന ശസ്ത്രക്രിയയിലൂടെ ഗ്രാഫ്റ്റ് കഴുത്തിന് കുറുകെ കൊണ്ടു വന്ന് ഇടുതു കൈയ്യിലെ തളർന്ന ഞരമ്പിലേക്ക് കൂട്ടിയോജിപ്പിച്ചു.

മണിക്കൂറുകൾ നീണ്ട അതി സൂക്ഷ്മ മൈക്രോ ശസ്ത്രക്രിയയിലൂടെയാണ് പുതിയ ഞരമ്പ് പിടിപ്പിച്ചത്.പ്ലാസ്റ്റിക് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ.അശ്വതി ചന്ദ്രൻ, അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ശിവാനി ബക്ഷി എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. ശസ്ത്രക്രിയയുടെ മുറിവുകൾ മാറി ആഴ്ചകൾ വിശ്രമിച്ച ശേഷം യുവാവ് ഇടതു കൈ ചലിപ്പിച്ചു തുടങ്ങി. തുടർന്ന് ഫിസിയോ തെറാപ്പിയിലൂടെ ചലനശേഷി പൂർണമായി തിരിച്ചെടുത്തു.

കൈ വിട്ടു പോയെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതോടെ ഡ്രൈവർ ജോലിയിലേക്കു യുവാവ് വീണ്ടും സന്തോഷത്തോടെ പ്രവേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top