കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ബഹിഷ്ക്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് എൻഎസ്എസ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനം വന്നതിന് പിന്നാലെയാണ് എൻഎസ്എസിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
രാഷ്ട്രീയത്തിൻ്റെ പേരുപറഞ്ഞ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണ്. ചടങ്ങിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമാണ്. എൻഎസ്എസിന്റെ നിലപാട് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കുവേണ്ടിയോ അല്ല. രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നു എന്നും സുകുമാരൻ നായർ പറഞ്ഞു.
രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമാണത്തിനു നായർ സർവീസ് സൊസൈറ്റി ഏഴു ലക്ഷം രൂപ ക്ഷേത്രനിർമാണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി സംഭാവന നൽകിയിരുന്നു. വിശ്വാസത്തിന്റെ ഭാഗമായാണ് നടപടിയെന്നും രാഷ്ട്രീയമില്ലെന്നും എൻഎസ്എസ് നേതൃത്വം അന്ന് അറിയിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണം എന്നതാണ് എൻഎസ്എസ് നിലപാട്. ശബരിമല വിഷയത്തിലും ഇതേ സമീപനമാണ് എൻഎസ്എസ് സ്വീകരിച്ചിരുന്നത്.