പത്തനംതിട്ട: ചെന്നിത്തല-എൻഎസ്എസ് മഞ്ഞുരുകലിന് കാരണമായത് പി ജെ കുര്യൻറെ ഇടപെടലെന്ന് നിർണായക വെളിപ്പെടുത്തൽ. മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണം ലഭിച്ചത് ചെന്നിത്തലയും പി ജെ കുര്യനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം. മാസങ്ങൾ മുൻപ് പി ജെ കുര്യൻ്റെ വസതിയിലെത്തി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
വസതിയിലെ കൂടിക്കാഴ്ച അരമണിക്കൂറോളമാണ് നീണ്ടത്. സമാനമായി പത്തനംതിട്ട അടൂരിലും ഇരുവരും കൂടിക്കാഴ്ച നടത്തി. അടൂരിൽ മറ്റൊരു കോൺഗ്രസ് നേതാവിന്റെ വീട്ടിലെ അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ചെന്നിത്തലയ്ക്ക് അനുകൂലമായി എൻഎസ്എസ്സിലെ ഒരു വിഭാഗം നിലപാട് എടുത്തപ്പോൾ ജി സുകുമാരൻ നായർ എതിർത്തിരുന്നു എന്നാണ് പി ജെ കുര്യൻ വെളിപ്പെടുത്തിയത്.
പി ജെ കുര്യൻ്റെ സമയോചിതമായ ഇടപെടലാണ് ജി സുകുമാരൻ നായരുടെ മനം മാറ്റത്തിന് കാരണമായതെന്നാണ് വിവരം ഇതോടെ ചെന്നിത്തലയ്ക്ക് മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. ചെന്നിത്തലയും എൻഎസ് എസ്സും തമ്മിൽ അടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നും പി ജെ കുര്യൻ വെളിപ്പെടുത്തി. ഇക്കാര്യം താൻ ചെന്നിത്തലയോട് നിരന്തരം പറഞ്ഞിരുന്നു. ഒടുവിൽ ചെന്നിത്തലയും സുകുമാരൻ നായരും സംസാരിച്ച് സമവായത്തിലെത്തുകയായിരുന്നു. മഞ്ഞുരുകിയതിൽ സന്തോഷമെന്നും പി.ജെ കുര്യൻ പറഞ്ഞു.