തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചപ്പോള്‍ അവരെ അകറ്റി നിര്‍ത്തിയവരാണ് എന്‍എസ്എസ് നേതൃത്വം. ഇന്ത്യയിലെ പല ഹൈന്ദവ സംഘടനകളെയും സംഘപരിവാര്‍ വിഴുങ്ങി. അപ്പോഴും അവരെ അകത്തുകടത്താതെ ധീരമായ നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
എന്‍എസ്എസുമായി തനിക്ക് യാതൊരു പ്രശ്‌നവും ഇല്ല. എന്‍എസ്എസിനെ ഒരു കാലത്തും താന്‍ അധിക്ഷേപിച്ചിട്ടില്ല. രാഷ്ട്രീയവും മതവും തമ്മില്‍ അകലം വേണമെന്ന നിലപാട് തന്നെയാണ് തനിക്കെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വിളിച്ചത് നല്ല കാര്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ ശശി തരൂരിനെയും കെ മുരളീധരനെയും ഉമ്മന്‍ ചാണ്ടിയെയും ക്ഷണിച്ചിട്ടുണ്ട്. ഏത് മതവിഭാഗം ആണെങ്കിലും പരിപാടി നടത്തുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉണ്ടാവുകയെന്നത് സന്തോഷമുള്ള കാര്യമാണ്. ശിവഗിരിയിലെ സമ്മേളനത്തിന് താന്‍ പങ്കെടുക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.