India
വിറങ്ങലിച്ച് ഉത്തരേന്ത്യ; കനത്ത മൂടൽമഞ്ഞിൽ കാഴ്ചപരിധി 50 മീറ്ററില്‍ താഴെ
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഇന്ന് തണുപ്പ് കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കി.
ഹരിയാനയിലെ നിരവധി സ്ഥലങ്ങളും രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലുമാണ് ഇന്ന് തണുപ്പ് ഏറുക. കൂടാതെ ഡല്‍ഹിയിലേയും മധ്യപ്രദേശിലേയും ചില സ്ഥലങ്ങളിലും ശൈത്യം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. നാളെയും പഞ്ചാബ് ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതിശൈത്യം തുടരും.
അതിനിടെ പല മേഖലകളിലും മൂടല്‍ മഞ്ഞും ഏറുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ആസാം, മേഘാലയ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷമാണ്. തണുപ്പിനും മൂടല്‍മഞ്ഞിനുമൊപ്പം ഡല്‍ഹിയില്‍ വായുമലിനീകരണവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
നാലുദിവസത്തിലധികമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററില്‍ താഴെയെത്തി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ജമ്മു-കശ്മീര്‍, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഡല്‍ഹി വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ ജയ്പുര്‍, ലഖ്‌നൗ എന്നിവടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ചില സര്‍വീസുകള്‍ റദ്ദാക്കി. ഒട്ടേറെ തീവണ്ടികളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.വിനോദസഞ്ചാരികളോടും തീര്‍ഥാടകരോടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ പരിശോധിച്ച് ജാഗ്രത പാലിക്കാനും രാത്രിയാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.