പിലിഭിത്ത്: ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം ഏഴ് വയസുകാരന് ദാരുണാന്ത്യം. ആറ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലുമാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം.
ഡെറാഡൂൺ സ്വദേശിയായ രാഹുൽ കുമാർ ആണ് മരിച്ചത്. പിലിഭിത്തിലുള്ള ബന്ധുക്കളെ കാണാൻ അമ്മ സീമയ്ക്കും സഹോദരങ്ങളായ വിവേകിനും സന്ധ്യക്കും ഒപ്പമാണ് രാഹുൽ എത്തിയത്. ഉച്ചഭക്ഷണമായി കഴിച്ച നൂഡിൽസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. അരിയാഹാരത്തിനൊപ്പമാണ് ഇവർ നൂഡിൽസ് കഴിച്ചത്. നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. സീമയും സന്ധ്യയും വിവേകും സീമയുടെ മൂന്നു സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വിവേകിന്റെ നില ഗുരുതരമായി തുടരുകയാണ്.
വിവേക് റായ്ബറേലി ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ പിലിഭിത്തിലെ സാമൂഹിക ചികിത്സാ കേന്ദ്രത്തിലുമാണ് ഉള്ളത്. വിവേക് ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സാമൂഹിക ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ റാഷിദ് പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.