മലിനീകരണ മുക്തമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഡല്‍ഹിയില്‍ 10-ാമത് സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയിരിക്കുന്നത്. പ്രദേശിക വാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനും വായുമലിനീകരണത്തിനെതിരേയും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്.
അടുത്ത ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും പെട്രോള്‍ വാഹനങ്ങളുടെയും നിര്‍മാണച്ചെലവ് തുല്യമാക്കാനുള്ള നടപടികളാണ് ആവിഷ്‌കരിക്കുന്നത്. ഇതോടെ വൈദ്യുതവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന് അടിസ്ഥാന സൗകര്യങ്ങളുടെ വികാസം അനിവാര്യമാണ്.

