Kerala

സമരം ചെയ്ത എൻഐടി വിദ്യാര്‍ത്ഥികൾക്ക് 33 ലക്ഷം പിഴ; തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടത് അഞ്ച് വിദ്യാര്‍ത്ഥികളോട്

കാലിക്കറ്റ് എൻഐടി ക്യാംപസിൽ സമരം ചെയ്ത വിദ്യാര്‍ത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ. രാത്രിസഞ്ചാരത്തിനു നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ഐടി അധികൃതര്‍ പിഴ വിധിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ.ആദർഷ്, ബെൻ തോമസ് എന്നിവരോടാണ് തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഒരാൾ 6,61,155 രൂപ വീതം അടയ്ക്കണം. മറ്റ് അച്ചടക്ക നടപടികളുമുണ്ടാകുമെന്നും ഏഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും ഇവര്‍ക്ക് നല്‍കിയ നോട്ടിസിൽ പറയുന്നു.

സമരത്തിനിടെ ക്യാംപസിന് നാശമുണ്ടായി. ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ ക്യാംപസിന്റെ പ്രവർത്തനം മുടങ്ങി, ഒരു പ്രവൃത്തി ദിവസം നഷ്ടമായി, അതുമൂലം ക്യാംപസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാര്‍ത്ഥികള്‍ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്.

കഴിഞ്ഞ മാർച്ച് 22നാണ് സമരം നടന്നത്. വിദ്യാര്‍ത്ഥികൾ അർധരാത്രിക്കു മുൻപ് ഹോസ്റ്റലിൽ കയറണമെന്ന ഡീനിന്റെ സർക്കുലറിനെ തുടർന്നായിരുന്നു സമരം. രാത്രി പുറത്തുപോകുന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്നു പറഞ്ഞായിരുന്നു സർക്കുലർ. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കന്റീൻ രാത്രി 11 വരെയാക്കുകയും ചെയ്തു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top