മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനക്കായി പ്രത്യേകം മുറി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കുട്ടികളുടെ പ്രതിഷേധത്തെ തള്ളി മഹല്ലു കമ്മറ്റികൾ. ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് കോളേജ് പ്രിൻസിപ്പാളും രംഗത്തെത്തിയിട്ടുണ്ട്. 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടു തന്നെ കോളേജ് വീണ്ടും തുടരുമെന്ന് പ്രിൻസിപ്പാൾ ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് അറിയിച്ചു.
കോളേജ് മാനേജ്മെൻ്റുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നഗരത്തിലെ രണ്ട് മഹല്ലു കമ്മിറ്റികൾ ഖേദം പ്രകടിപ്പിച്ചത്. പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പാളിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടി തെറ്റായിപ്പോയി. ഇത് കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നുവെന്നും മഹല്ലു കമ്മറ്റികൾ പറഞ്ഞു. പ്രതിഷേധത്തിൽ സമുദായത്തിന് പങ്കില്ലെന്നും കോളേജ് അധികൃതരെ ഖേദം അറിയിച്ചതായും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കോളേജിൽ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ എന്തെങ്കിലും നടപടികള്‍ ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്ന് മഹല്ല് കമ്മറ്റി പ്രതിനിധി പി.എസ്.എ.ലത്തീഫ് ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് മതസ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് കോളേജ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. പെട്ടെന്നുള്ള ഒരു പ്രതികരണമായാവാം വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.