Kerala
നിപ സംശയം; യുവാവിന്റെ സമ്പർക്കത്തിൽ 26 പേർ, പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പ്
മലപ്പുറം: വണ്ടൂർ നടുവത്തൂരിൽ മരിച്ച യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. 26 പേരാണ് മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിലുള്ളത്. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും.
ബെംഗളൂരുവിൽ നിന്ന് കാലിന് പരിക്കേറ്റതിനെ തുടർന്ന് ആയുർവേദ ചികിത്സയ്ക്കായാണ് 23 കാരനായ യുവാവ് നാട്ടിലെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇയാൾക്ക് നിപയെന്ന് കണ്ടെത്തിയത്. ഇതോടെ സ്രവം പൂനെയിലെ നാഷണൽ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് ഫലം പുറത്തുവരും. സെപ്റ്റംബർ ഒമ്പതിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചത്.
പനി ബാധിച്ച യുവാവില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സെപ്റ്റംബർ അഞ്ചിനാണ് പെരിന്തൽ മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.